കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശാഭിമാനി വാരികയില്‍ ഓരോ ലക്കം ഇടവിട്ട് 'നാട്ടുവെളിച്ചം' എന്ന പേരില്‍ എഴുതിയ നിരീക്ഷണങ്ങളും ഓര്‍മക്കുറിപ്പുകളുമാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പം ഇതേ കാലയളവില്‍ 'വായന' മാസികയില്‍ എഴുതിയ ഒരു ചെറുലേഖനവും ചേര്‍ക്കുന്നുണ്ട്. സമയബന്ധിതമായി ഇത്രയും ലേഖനങ്ങള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്ക് എന്നെക്കുറിച്ച് തന്നെ ചെറിയ മതിപ്പ് തോന്നി. ഈ രചനകളിലെ മിഴിവ് കണ്ടിട്ടല്ല അത്. സ്വതേ അലസനും മടിയനുമായ ഞാന്‍ ഇത്രയെങ്കിലും എഴുതിയല്ലോ. വാരികയിലെ എന്റെ സുഹൃത്ത് ഐ.വി.ബാബുവാണ് ഇങ്ങനെ ഒരു പംക്തിയുടെ ആശയം അവതരിപ്പിച്ചത്. ദേശാഭിമാനി വാരിക എന്റെ മാത്രമല്ല, എന്റെ തലമുറയിലെ ഒട്ടുമിക്ക കഥാകൃത്തുക്കളുടേയും പരിശീലനക്കളരിയാണ്. ഞങ്ങളുടെ കഥകള്‍ തൊട്ടും തലോടിയും പരിരക്ഷിച്ചെടുത്ത സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടാണ് ഇന്നും അതിന്റെ പ്രധാന ചുമതലക്കാരന്‍. ഗൃഹാതുരമായ സുരക്ഷിതത്വത്തോടെയും, ആത്മവിശ്വാസത്തോടെയും ഞങ്ങള്‍ക്ക് അതില്‍ എഴുതാന്‍ കഴിയും.
എടുത്ത കാലത്ത് എന്റെ ഒരു
സുഹൃത്ത് തന്റെ കഥയെഴുത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു എന്നറിഞ്ഞു.
അപ്പോഴാണ് ഞാന്‍ നടുക്കത്തോടെ ഓര്‍മ്മിച്ചത്, മുപ്പതു വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് പോയി മറഞ്ഞത്.
എഴുത്തിന്റെ മുപ്പത് വര്‍ഷങ്ങള്‍ എന്നു പറയാമോ? എഴുതിയതിനേക്കാള്‍ എത്രയോ കൂടുതലായി തുറന്നു പിടിച്ച
കണ്ണുകളോടെയും, വിങ്ങുന്ന
ഹൃദയത്തോടെയും ഈ പ്രപഞ്ചത്തെ ഞാന്‍ കണ്ടറിഞ്ഞ വര്‍ഷങ്ങളാണ് കടന്നുപോയത്. അവ ഇനി
ഒരിക്കലും തിരിച്ചുവരികയില്ല. എഴുതുന്നതിനപ്പുറം എഴുത്തുകാരന്‍ എന്ന ലേബലില്‍
സമൂഹത്തില്‍ ജീവിച്ചുകൊണ്ടിരിക്കുക എന്നത് അത്ര അഭിലഷണീയമല്ല. നടന്റെ ശരീരം
പോലെയാണ് എഴുത്തുകാരന്റെ ആത്മാവ്. ടൂറിസ്റ്റ് കേന്ദ്രത്തിലെ ദേവാലയത്തില്‍ എന്ന
പോലെ ലാഘവത്തോടെ ആര്‍ക്കും കയറിയിറങ്ങാവുന്ന ഒന്നാണത്. ആത്മാവ് പൂര്‍ണ്ണമായും നഗ്നമായിരിക്കുന്ന
വേളയില്‍ ഏതു വേഷം ധരിച്ചാലും, എന്തൊക്കെ
പത്രാസു കാട്ടി നടന്നാലും എന്തുകാര്യം?
മലയാളത്തിന്റെ സമ്പന്നമായ
കഥാസാഹിത്യത്തില്‍ എന്റെ സ്ഥാനം എന്ത് എന്നതിനെക്കുറിച്ച് ഞാന്‍ ഒരിക്കലും
വേവലാതിപ്പെട്ടിട്ടില്ല. വര്‍ഷങ്ങളുടെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ
കുറച്ചു മാത്രമേ എഴുതിയിട്ടുള്ളൂ എന്നതിലും നിരാശയില്ല. പുരസ്കാരങ്ങളാണെങ്കില്‍, തുടക്കം മുതലേ എന്റെ കൂടെയുണ്ടായിരുന്നു. അര്‍ഹിക്കുന്നതില്‍
ഏറെയാണ് ലഭിച്ചിട്ടുള്ളതെന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. പുരസ്കാരം ലഭിച്ചയാള്‍
എന്നു പരാമര്‍ശിക്കപ്പെടുമ്പോള്‍ വല്ലാത്ത അറപ്പാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പക്ഷേ എത്രതന്നെ അവികലമായി, തീരെ
കുറച്ചു മാത്രം എഴുതിയിട്ടുള്ള ഒരു എഴുത്തുകാരനില്‍ നിന്നുപോലും മാനവചരിത്രം അതില്‍
ഉള്‍ച്ചേര്‍ക്കാനായി ഒരു ചെറിയ വിരല്‍പാട് പ്രതീക്ഷിക്കുന്നുണ്ട്. ഒരാള്‍ ജീവിച്ച
ജീവിതവും,
സമൂഹവും, വര്‍ഗവും, വംശാവലിയുടെ നീണ്ടുപോകുന്ന ചോരച്ചാലുകളും അയാള്‍
പ്രതിനിധീകരിക്കുന്നുണ്ടോ എന്നതാണ് ഉത്തരം ആവശ്യപ്പെടുന്ന മുഖ്യമായ ചോദ്യം.
ഭൂമിയുടെ ഉപ്പല്ലാതെ വേറെ യാതൊരു രേഖയും അവശേഷിപ്പിക്കാതെ കടന്നുപോയ ഒരു
പരമ്പരയുടെ വിയര്‍പ്പിന്റെ മണമുണ്ടോ എന്റെ എഴുത്തിന്?
കഥയും ലേഖനവും തമ്മില്‍
എവിടെ വെച്ചാണ് കൃത്യമായി വേര്‍ തിരിയുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. ഈ
കുറിപ്പുകള്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍, നേരത്തെ എഴുതിയിരുന്ന കഥകളില്‍ നിന്നും എനിക്കു തോന്നിയ ഒരു
വ്യത്യാസം ഇതാണ്: ശീലം കൊണ്ടാവണം, കഥകളില്‍
അതിവൈകാരികതയെ നിയന്ത്രിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. ഈ കുറിപ്പുകളില്‍ അതിനു
കഴിഞ്ഞിട്ടില്ല. പലപ്പോഴും ശബ്ദഭംഗിയുള്ള വാക്കുകളുടെയും, അംഗീകൃത ലാവണ്യബിംബങ്ങള്‍ക്കു പിറകെയും സ്വയമറിയാതെ ഞാന്‍
ഒഴുകിപ്പോയിട്ടുണ്ട്. ഞാന്‍ ബഹുമാനിക്കുന്ന പല വ്യക്തികളേയും, സമകാലികസംഭവങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്.
അതില്‍ എനിക്ക് തെല്ലും കുറ്റബോധമില്ല. പലരേയും വേണ്ടത്ര ഗൗരവത്തില്‍ ആക്രമിക്കാന്‍
കഴിയാത്തതില്‍ ഖേദമേയുള്ളൂ. പക്ഷേ അതിവൈകാരികത പോലുള്ള രചനാപരമായ ചില തകരാറുകള്‍
അറിവില്ലായ്മ കൊണ്ടെന്നു കണക്കാക്കി പൊറുക്കണമെന്ന് അപേക്ഷിക്കുന്നു.
വാരികയില്‍ ഈ കുറിപ്പുകള്‍
വന്നുകൊണ്ടിരുന്നപ്പോള്‍ ധാരാളം സുഹൃത്തുക്കള്‍-എനിക്കു നേരത്തെ
പരിചയമില്ലാത്തവരും-കത്തെഴുതിയും, ഫോണില്‍
വിളിച്ചും, നേരില്‍ കണ്ടും
എന്നോടു യോജിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ഒരുപക്ഷേ അവരാണ് ആലസ്യത്തില്‍ നിന്നുണര്‍ന്ന് ഒരു വര്‍ഷക്കാലം ഇത്രത്തോളം എഴുതാന്‍
എന്നെ പ്രേരിപ്പിച്ചത്.
എല്ലാവര്‍ക്കും നന്ദി
അശോകന്‍ ചരുവില്‍