Sunday, April 16, 2023

കടലിന് തീ പിടിക്കുമ്പോൾ - രേഖ ആർ താങ്കൾ

 


ഉള്ളുരുക്കങ്ങളുടെ തീവ്രത

ശ്രീകുമാരൻ തമ്പി

 ആദ്യം ഞാൻ വായിച്ചത് രേഖ ആർ.താങ്കൾ മുക്തഛന്ദസ്സിൽ എഴുതിയ കവിതകളാണ്. വൃത്തത്തിലേ കവിതയെഴുതാൻ പാടുള്ളൂ എന്ന അഭിപ്രായമൊന്നും എനിക്കില്ല എന്നാൽ കവിത കാലാതിവർത്തിയാകാൻ വൃത്തത്തിന്റെ സഹായം പ്രയോജനപ്പെടുമെന്ന വിശ്വാസം എനിക്കുണ്ട്.കൗമാരകാലത്ത് തന്നെ ഞാൻ ഗദ്യകവിതകൾ എഴുതിത്തുടങ്ങി. 'ശീർഷകമില്ലാത്ത കവിതകൾ 'എന്ന സമാഹാരത്തിലെ എല്ലാ കവിതകളും ഗദ്യകവിതകളാണ്.കവിതയുടെ ഗന്ധം വരികൾ പ്രസരിപ്പിക്കണം എന്നതാണ് പ്രധാനം. രേഖയുടെ പല കവിതകളിലും കവിതയുടെ വെളിച്ചവും ഗന്ധവുമുണ്ട്.

മനുഷ്യരെന്ന നിലയിൽ കവികൾ കള്ളം പറയും.പക്ഷേ കവിതയിൽ അവർ സത്യമേ പറയൂ എന്ന് ഒരു പാശ്ചാത്യ കവി പറഞ്ഞിട്ടുണ്ട്.രേഖയുടെ കവിതയിൽ ഈ സത്യജ്വാല പ്രകാശിക്കുന്നു എന്നത് തന്നെയാണ് അവയുടെ മേന്മ. ല'ക്ഷ്മണരേഖ 'എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കുക.

"ലക്ഷ്മണരേഖകളൊക്കെ

സാങ്കല്പികങ്ങളാണ്

യഥാർത്ഥ പ്രതിബിംബം ഉണ്ടാകാത്തതിനാൽ

സ്ക്രീനിൽ പതിപ്പിക്കാനാവില്ല "തുടർന്നു വരുന്ന വരികൾ ശ്രദ്ധിക്കുക

"എപ്പോഴും

കുത്തി നോവിക്കുന്നില്ലെന്ന് കരുതി ചത്തുപോയെന്ന് കരുതരുത് "

"വാക്കുകൾ മുള്ളുകളാവുക ആവ മനസ്സിൽ പുണ്ണുകളുണ്ടാക്കുക, ആ വ്രണങ്ങൾ ഉണങ്ങാതിരിക്കുക "പല ബന്ധങ്ങളുടേയും അവശേഷിപ്പുകൾ ഉണങ്ങാത്ത ഈ പുണ്ണുകൾ മാത്രമാണല്ലോ. രണ്ടായിരത്തിലധികം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന മഹാകവി തിരുവള്ളുവർ അദ്ദേഹത്തിന്റെ 'തിരുക്കുറളിൽ 'പറഞ്ഞു

"തീയിനാർ ചുട്ട പുൺ ഉള്ളാറും

ആറാതെ നാവിനാർ ചുട്ടവടു "

അർത്ഥം ഞാൻ മുകളിൽ സൂചിപ്പിച്ച തുതന്നെ. തീ കൊണ്ടുണ്ടാവുന്ന പുണ്ണ് കരിയും. നാവ് സൃഷ്ടിക്കുന്ന പുണ്ണ് കരിയില്ല.

'വിടർന്നു കഴിയുമ്പോൾ 'എന്ന കവിത വൃത്തനിബദ്ധമാണ്.നല്ല വരികൾ.ലളിതം, തരളം, കോമളം

" ഓർത്തുനോക്കുകിലെന്തിനാണുത്തരം കൃത്യമായിട്ട് ചൊല്ലുവാനാവുക

ഒക്കെയും പൊഴിച്ചാകവേ നഗ്നമായ്

ഉത്തരം തേടി എത്ര ശിശിരങ്ങൾ

വെന്തവേനലിൽ ചേർന്നൊന്നു നിൽക്കുവാൻ

എങ്ങും തേടിയലഞ്ഞ നിഴലുകൾ

 കാറ്റു പോലുമറിയാതൊരു ദിനം

 ഞെട്ടിൽ നിന്നങ്ങടർന്നു വീഴുമ്പോഴും ഓർത്തിരിക്കുവാനാളുള്ള നാൾവരെ മാത്രമായ് ബാക്കിയാവുന്ന സൗരഭം". എന്നിങ്ങനെ ഒഴുകുന്നു അർത്ഥനിർഭരവും താളനിബദ്ധവുമായ വരികൾ.വൃത്തത്തിൽ എഴുതാൻ കഴിവില്ലാത്തത് കൊണ്ടല്ല  രേഖ ഗദ്യകവിതകൾ എഴുതുന്നത്.തന്റെ ചിന്തകളുടെ ആവിഷ്കരണം കൂടുതൽ സ്വതന്ത്രമാകണമെന്ന  മോഹം കൊണ്ടാകാം.

രേഖയുടെ കവിതകളിൽ ഒന്നുപോലും ലക്ഷ്യബോധമില്ലാതെ എഴുതപ്പെട്ടതല്ല. അത് തന്നെയാണ് ഈ കവിതകളിൽ ഞാൻ കാണുന്ന മേന്മ. സമകാലീന കവിതകളുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ സൃഷ്ടികൾ ഒട്ടും പിന്നിലാകുന്നില്ല എന്ന് പറയാൻ എനിക്ക് സന്തോഷമുണ്ട്.

സ്ഫോടനബാക്കി, ശില്പി, ഉൾമരം, മർദ്ദമാപിനികൾ, കരിഞ്ഞുപിടിച്ചവ, ചോദ്യചിഹ്നങ്ങൾ തുടങ്ങിയ മികച്ച കവിതകൾ ഈ സമാഹാരത്തിലുണ്ട്. ഉള്ളിൽനിന്ന് കവി പോലുമറിയാതെ ഒഴുകി തുടങ്ങുന്ന പ്രവാഹമാണ് യഥാർത്ഥ കവിത. രേഖയുടെ കവിതയിൽ ഈ സൗന്ദര്യം പ്രകടമാണ്.

അഭിനന്ദനം!

"കടലിരമ്പം ഉണ്ടായിട്ടും

കടൽ കാണാത്തവരുണ്ടത്രേ

കടലോളം ഉപ്പ് രക്തത്തിലലിഞ്ഞവരും കടലെന്ന് കേട്ടിട്ടേയുള്ളൂ പോലും അകത്തൊരു കടൽ ഒളിപ്പിക്കുന്നവരും

അതിൽ മുങ്ങിയിട്ടില്ല "

(കടലിൽ ഇറങ്ങാത്തവർ )

ഉള്ളുരുക്കങ്ങളുടെ തീവ്രത അടയാളപ്പെടുത്തുന്ന ഈ  കവിതകൾക്കും അവയുടെ സ്രഷ്ടാവിനും വിജയം നേരുന്നു.





 


No comments:

Post a Comment

കടലിന് തീ പിടിക്കുമ്പോൾ - രേഖ ആർ താങ്കൾ

  ഉള്ളുരുക്കങ്ങളുടെ തീവ്രത ശ്രീകുമാരൻ തമ്പി   ആദ്യം ഞാൻ വായിച്ചത് രേഖ ആർ.താങ്കൾ മുക്തഛന്ദസ്സിൽ എഴുതിയ കവിതകളാണ്. വൃത്തത്തിലേ കവിതയെഴുതാൻ...