'ചിമ്മിണി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം' എന്ന പുസ്തകം എന്റെ ഓർമ്മകളിലേക്കുള്ള
ഒരെത്തിനോട്ടമാണ്. താൻ ആരാണ് എന്ന് കണ്ടെത്താൻ നമ്മൾ ചിലപ്പോഴെല്ലാം ഒന്നു
പിന്തിരിഞ്ഞു നോക്കുമെല്ലോ. ഇങ്ങനെ നോക്കാൻ എന്നെ പ്രേരിപ്പിച്ചത്, ശരിക്കു പറഞ്ഞാൽ നിർബന്ധിച്ചത് അന്ന് ഭാഷാപോഷിണി
പത്രാധിപരായിരുന്ന കെ.സി.നാരായണനാണ്. ഇത് ആദ്യം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്
തൃശൂർ കറന്റ് ബുക്സ്. പ്രിയപ്പെട്ട കെ.സി.ക്കും കറന്റ് ബുക്സിന്റെ എഡിറ്റർ
കെ.ജെ.ജോണിക്കും നന്ദി പറയുന്നു.
ഇപ്പോൾ ഇ പബ്ലിക്ക ഇത് ഒരു ഇ പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. വളരെ
പ്രശസ്തമായ ആമസോൺ ആപ്ലിക്കേഷനിലൂടെ ഇത് ഇ വായനക്കാരിലെത്തുമ്പോൾ എനിക്കു വലിയ
സന്തോഷമുണ്ട്.
ഇ പബ്ലിക്കക്കും നന്ദി.
അശോകൻ ചരുവിൽ
കുറിപ്പ്
പ്രശസ്ത കഥാകൃത്ത് അശോകൻ ചരുവിൽ തന്റെ ചില
ഓർമ്മകൾ പങ്കുവെക്കുകയാണ് ഇവിടെ. തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട പട്ടണത്തിന്
അടുത്തുള്ള കാട്ടൂർ എന്ന തന്റെ ഗ്രാമം. അവിടെ ചെലവഴിച്ച ബാല്യവും കൗമാരവും
യൗവ്വനവും. അന്നത്തെ ജീവിതാവസ്ഥകൾ. അതിനു പിന്നിലെ രാഷ്ട്രീയം .
കാട്ടൂരും ഇരിഞ്ഞാലക്കുടയും പരിസരപ്രദേശങ്ങളുമാണ്
അശോകൻ ചരുവിലിന്റെ കഥകളുടെ ജീവിതമേഖല. അന്തിക്കാടും തൃപ്രയാറും നാട്ടികയും തൃശൂരും
അവിടത്തെ ചരിത്രവും ജീവിതവും ആ കഥകളിലൂടെ അനുഭവിക്കാൻ വായനക്കാർക്ക്
കഴിഞ്ഞിട്ടുണ്ട്. അന്നാടുകളിലെ പ്രശസ്തരും അല്ലാത്തവരുമായ ആളുകളാണ് അദ്ദേഹത്തിന്റെ
കഥാപാത്രങ്ങൾ. ഇവിടെ വിവരിക്കുന്ന ഓർമ്മകളിൽ അവരെല്ലാം കഥാപാത്രം എന്ന നിലക്കുള്ള
വേഷം അഴിച്ചുവെച്ച് നമ്മുടെ മുന്നിൽ വന്നു നിൽക്കുന്നു. അശോകന്റെ കഥകളിലേക്ക്
കൂടുതൽ സൂക്ഷ്മായി കടക്കാൻ ഈ പുസ്തകം നമ്മെ സഹായിക്കുന്നു.
രാഷ്ട്രീയ പ്രവർത്തകരുടെ കുടുംബത്തിലാണ് ഈ
കഥയെഴുത്തുകാരന്റെ ജനനം. അതുകൊണ്ടാവണം കുട്ടിക്കാലം മുതൽക്കു തന്നെ തനിക്കു
ചുറ്റുമുള്ള സാമൂഹ്യജീവിതത്തെ അതിസൂക്ഷ്മമായിത്തന്നെ നിരീക്ഷിക്കാൻ ഇദ്ദേഹത്തിനു
കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ജ്വലിക്കുന്ന ഒരു കാലത്തിന്റെ ഹ്രസ്വമെങ്കിലും
സമഗ്രമായ ദർശനം ഈ പുസ്തകത്തിലൂടെ നമുക്ക് ലഭിക്കുന്നു. ഏറ്റവും പ്രധാനം
വായനക്കാരനെ നയിക്കുന്ന ഋജുവായ ഭാഷയിലൂടെ ഇത് എഴുതപ്പെട്ടിരിക്കുന്നു എന്നതാണ്.
ഭാഷാപോഷിണി മാസികയുടെ വാർഷികപ്പതിപ്പിൽ
പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തന്നെ ഈ ഓർക്കുറിപ്പുകൾ വായനക്കാരുടെ സജീവമായ
ശ്രദ്ധയും താൽപ്പര്യവും പിടിച്ചുപറ്റിയിട്ടുള്ളതാണ്. ആദ്യമായിട്ടാണ് ഇ ബുക്കായി
പ്രസിദ്ധപ്പെടുത്തുന്നത്.
No comments:
Post a Comment